ഐപിഎൽ പതിമൂന്നാം സീസണിൻ്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും നാലു തവണ ഏറ്റുമുട്ടിയപ്പോൾ ഫൈനലിൽ അടക്കം മുംബൈക്കായിരുന്നു ജയം. ആ നാണക്കേട് തിരുത്തിയെഴുതാനാവും ചെന്നൈ ഇറങ്ങുക.

സർപ്രൈസ് ഇലവനുമായാണ് ചെന്നൈ ഇറങ്ങിയിരിക്കുന്നത്. ഷെയിൻ വാട്സൺ, ഫാഫ് ഡുപ്ലെസിസ്, ലുങ്കി എങ്കിഡി, സാം കറൻ എന്നിവരാണ് ചെന്നൈ നിരയിലെ വിദേശികൾ. ഇമ്രാൻ താഹിറിനെ പുറത്തിരുത്തിയത് അപ്രതീക്ഷിതമായി. മുംബൈ ആവട്ടെ ക്വിൻ്റൺ ഡീകോക്ക്, ജെയിംസ് പാറ്റിൻസൺ, കീറോൺ പൊള്ളാർഡ്, ട്രെൻ്റ് ബോൾട്ട് എന്നീ താരങ്ങളെ വിദേശ ക്വാട്ടയിൽ കളിപ്പിക്കും. കോൾട്ടർനൈലിനു പരുക്കേറ്റതിൻ്റെ പശ്ചാത്തലത്തിലാണ് പാറ്റിൻസൺ എത്തിയത്. ഇഷാൻ കിഷനു പകരം സൗരഭ് തിവാരി ടീമിൽ ഇടം നേടിയത് അപ്രതീക്ഷിത നീക്കമായി.

കുട്ടി ക്രിക്കറ്റ് പൂരം മാർച്ച് 29നാണ് തീരുമാനിച്ചിരുന്നത്. കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയ മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്താൻ ബിസിസിഐ കിണഞ്ഞുശ്രമിച്ചെങ്കിലും അനുദിനം ഉയരുന്ന കൊവിഡ് കേസുകൾ തിരിച്ചടിയായി. പിന്നീട് യുഎഇ, ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകൾ ഐപിഎലിന് ആതിഥ്യം വഹിക്കാൻ തയ്യാറെന്ന് അറിയിച്ചു. ഇതിനു പിന്നാലെ ഐപിഎൽ യുഎഇയിൽ നടക്കുമെന്ന് ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു

Most Read

  • Week

  • Month

  • All